Tuesday, November 2, 2010

അറിയിപ്പ്

ദയവായി ശ്രദ്ധിക്കുക
ഓര്‍മ്മക്കുറിപ്പുകള്‍
തയ്യാറാക്കികൊടുക്കപ്പെടും.

മരിച്ച ആളുടെ പേരും
ബയോഡാറ്റയും കൃത്യമായ്
അറിയിക്കേണ്ടതാണ്!

ആവശ്യാനുസരണം
ഓര്‍ഡര്‍ അനുസരിച്ച്
പ്രത്യേകം
ചെയ്തു കൊടുക്കപ്പെടും .

മുന്‍കൂട്ടി
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്
ആകര്‍ഷകമായ ഡിസ്കൌണ്ട്
നല്കപ്പെടുന്നു .

Thursday, June 10, 2010

മഴയുടെ മകള്‍

ഓരോ തുള്ളിയായ്
കണ്‍ തുമ്പില്‍
വീണു മായുന്നു
പീലി തൊട്ടൊരു
ചെറു തരി
കണ്ടു കണ്ടു
വളരുന്നു
കൈകളില്‍
മഴ വരച്ച
ചിത്രങ്ങള്‍
ഉറങ്ങുമ്പോള്‍
കാതടച്ച
പെരു -
മുഴക്കങ്ങളില്‍
ഞെട്ടി
ഉണരുന്നു
വീണ്ടും
പുതിയ
ജന്മങ്ങള്‍.

ഇവള്‍
മഴയുടെ മകള്‍
മഴ വരുമ്പോള്‍
മറഞ്ഞു
നില്‍ക്കുന്നവള്‍.

വെയില്‍
വരുമ്പോള്‍
ഒളിഞ്ഞു
നില്‍ക്കുന്നവള്‍.

ഇവള്‍
പിറന്നത്‌
പകലല്ല
രാവിലും
ഇവള്‍
പിച്ച വച്ചത്
മണലില്ല !

കാറ്റേ
കറുത്തോരിരുളേ
വെറുതെ
നോക്കാതെ
അകന്നു
പൊയ്ക്കോളു
ഇവള്‍
ഉറങ്ങട്ടെ
മഴയുടെ മകള്‍ .

വെയില്‍
മറയ്ക്കാതെയീ
പകലിന്‍റെ
മടിയില്‍.

Thursday, June 11, 2009

ശിഥിലം

ശിഥിലമായ
ഒരുചിരിയില്‍
ഉറങ്ങുകയാണ്‌
മനസ്സിപ്പോള്‍
ഉണരാന്‍
ഒത്തിരി
വെളിച്ചം
വേണമെന്നു
ശഠിച്ചുകൊണ്ട്!

Wednesday, May 20, 2009

ഹ ഹഹ .


വെറുതെ ഈ രാവില്‍
ആരെയാണ് നീ
കാത്തിരിക്കുന്നത്‌
ഒറ്റ വരിയില്‍
ചെര്‍ത്തു വായിക്കുവാന്‍
ഇത്ര ദുഃഖങ്ങള്‍ ആര് തന്നത്
ഇന്ന് ഒരു ചിറകില്‍
പാറിയെത്തിയ
ഒരു തുമ്പിയുടെ ഹൃദയം
ആരെയാവംപൊള്ളി
ഓര്‍ത്തത്‌
നിന്റെ ചിറകുകള്‍
അരിഞ്ഞ കരങ്ങളെ
എന്തിനാണ് നീ
വീണ്ടും ഓര്‍ത്തത്‌ .
പോട്ടെ
ഇങ്ങനൊക്കെ
പറഞ്ഞു
കാവ്യ രഹിതമായ
ഒരു രാത്രിയെ കൂടെ
യാത്രയാക്കണം.
എന്തണ്ണാ ഇങ്ങനൊക്കെ
ഓരോ പ്രാന്ത്
പറഞ്ഞിടുന്നത്
അല്ലെ പോട്ടെ
ആര്‍ക്കാ ചേതം
അല്ല പിന്നെ
നിന്റെ വട്ടുകള്‍.
ഹ ഹഹ .

Saturday, May 2, 2009

തുമ്പി

ചിത്രപുസ്തകത്തില്‍
സൂക്ഷിച്ചു
വച്ചിരുന്ന
തുമ്പിയെ
കുഞ്ഞിനു
നല്കി.

അവള്‍
ആരും
കാണാതെ

അതിനെ
ചിത്രപുസ്തകത്തില്‍
ഒളിപ്പിച്ചു
വച്ചു!

Sunday, April 19, 2009

രണ്ടു കവിതകള്‍

ഒന്നു
പ്രാണന്‍
ഒരു കളിപ്പാട്ടമാണ്
എപ്പോഴും
ഒരു വലിയ പൂച്ച
അത്
തട്ടിയുരുട്ടി
കളിക്കാറുണ്ട്!

രണ്ടു
കടലിലേക്ക്‌
ഏറെ വഴികള്‍
സങ്കട പെരും കടലിലേക്ക്‌
ഒരേ വഴി
ജീവിതം!

Friday, April 17, 2009

എന്തോ ഒന്ന്‌

എവിടെയോ എന്തോ ഒന്ന്‌ കമരുന്നുണ്ട്
അറിയാതെ അതില്‍നിന്നും ചിതറുന്നുണ്ട്
ഒരുപിടി മഞ്ചാടി,കുപ്പിവളകള്‍
എന്നോ ഒളിപ്പിച്ച കണ്ണാടി മുറി !

എന്തോ ഒന്ന്‌ തെളിയുന്നുണ്ട്
അതില്‍നിന്നും ഒഴുകുന്നുണ്ട്ഒരുപാട്ട്
ആരോ മറക്കാതെ കാത്തുവച്ചത്
ഒരാള്‍ക്കുവേണ്ടി മാത്രം കരുതി വച്ചത്!

എന്തോ ഒന്ന്‌ നിറയുന്നുണ്ട്
മിഴികളില്‍ പടരുന്ന മൌനത്തില്‍
കരുതലില്‍ കൊരുക്കുന്ന സ്മരണയില്‍,
അറിവുകളുടെ നിറഞ്ഞ നിദ്രയില്‍ !