Thursday, April 9, 2009

ദുഃഖവെള്ളി

മഴയും കലഹവും
ഒരുപോല്‍ വരുന്നൊരീ
രാവില്‍ ഞാനാരേക്കാത്ത്
ഇരിക്കും പ്രിയേ വീണ്ടും .

ദു:ഖ വെള്ളിതന്‍
ദു:ഖ സാന്ദ്രമാം നിശ്ശബ്ദത
കെട്ടുപോയീടാതെന്തേ
തെളിയുന്നെന്നേക്കും.

നിനക്കായ് കുറിക്കുന്ന
വരികള്‍ വഴിതെറ്റി
പ്രാണനില്‍ തന്നെന്തിനായ്
കൂടുവച്ചീടുന്നത്.

ഉറക്കം വരുന്നുണ്ട്
വേണ്ട ഞാന്‍ ഉറങ്ങില്ല
വീണ്ടു മീരാവില്‍ ഏറെ
എഴുതാന്‍ ഉണ്ടെന്നതാല്‍.

ലഹരിക്കൊരു വഴി
പിരിയാം പ്രണയത്തിന്‍
രക്തസാക്ഷിയാം
ഇവള്‍ ഉറങ്ങാതിക്കുംപോള്‍ .

നിനക്കായ്‌ ഹൃദയത്തില്‍
കരുതി വയ്ക്കുന്നിവന്‍
സങ്കടക്കടലിന്‍റെ
ഉപ്പുള്ള പ്രതീക്ഷകള്‍ .


മകളെ ഉറങ്ങുക
ചുമയില്‍ കുടുങ്ങാതെ
ശാപങ്ങളെന്നില്‍പ്പെയ്യും
മഴയില്‍ തളരാതെ .

പാടുവാനില്ലിന്നെന്‍റെ
കരളില്‍ താരാട്ടിന്‍റെ
വരികള്‍ എന്നാകിലും
ഇന്നു നീ മയങ്ങുക .

എന്തിനായ് പിറവിതന്‍
മേഖങ്ങള്‍ജനിക്കുന്നു
കണ്ണുനീര്‍ നിറച്ചെന്നും
ഭൂമിയെ നനയ്ക്കുവാന്‍ .

പ്രണയം താരാട്ടായി
വേഷങ്ങള്‍ പകരുമ്പോള്‍
നീയെനിക്കാകുന്നമ്മ
മൃത്യുവെ അകറ്റുവോള്‍.

ഇരുളിന്‍ കരങ്ങളില്‍
നിനെന്നെ പ്രണയത്തിന്‍
നിത്യമാം ആകാശത്തില്‍
ജ്വലിപ്പിച്ചീടുന്നോളെ.

ദുഃഖ വെള്ളിയില്‍ വീണ്ടും
കുരിശേറിടുന്നുഞാന്‍
മരണം പടരിലും
ഉയര്‍പ്പിന്‍ ദിനത്തിനായ്.

എം. സങ്





No comments:

Post a Comment